Headlines

തൃപ്പൂണിത്തുറ സ്ഫോടനം; ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. ഉത്സവക്കമ്മറ്റി പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്‌തത്‌. മൂന്നാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ രാവിലെ തൃപ്പൂണിത്തറ ഹിൽപാലസ് സ്റ്റേഷനിലെത്തിക്കും.

മനപ്പൂർവമുള്ള നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പടക്കനിർമാണത്തിനായി വെടിമരുന്ന് സൂക്ഷിച്ചതെന്ന് പൊലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിൽ വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കാൻ പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രതികൾ വെടിമരുന്നെത്തിച്ചത്.

സ്ഫോടനം നടന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. ഇവർക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂന്നാറിൽ നിന്നുള്ള അറസ്റ്റ്.

കഴിഞ്ഞ ദിവസം തൃപ്പൂണിത്തറ ചൂരക്കാടുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപപ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: