തൃശൂർ :ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂരിലാണ് സംഭവം. കൊല്ലം സ്വദേശി വിനോദ് ആണ് മരിച്ചത്. ഒഡിഷ സ്വദേശി രജനി കാന്താണ് പിടിയിലായത്.
എറണാകുളം- പാട്‌ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. എസ് 11 കോച്ചിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയാണ് ഡ്യൂട്ടി. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്.
ടിക്കറ്റ് ഇല്ലാത്തതു കാരണം ഇവർക്ക് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോച്ചിന്റെ ഡോറിനടുത്തായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിന്നിരുന്നത്. തർക്കത്തെ തുടർന്ന് രജനികാന്ത് പൊടുന്നനെ വിനോദിനെ ഡോറിനു പുറത്തേക്കു പിടിച്ചുതള്ളുകയായിരുന്നു. തുടർന്ന് റെയിൽവേ പോലീസ് പാലക്കാടു വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

വൈകുന്നേരം 7 മണി കഴിഞ്ഞ് ട്രെയിൻ തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. വിനോദിൻ്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടരന്വേഷണവും നടപടിയും ആർപിഎഫ് ആയിരിക്കും സ്വീകരിക്കുന്നത്.
പ്രതിയെ ഉടൻ തൃശൂർ ആർപിഎഫിന് കൈമാറും.

