Headlines

നെയ്യാറ്റിന്‍കരയില്‍ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം



തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലാണ് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി.രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഈ മാസം നാല് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.രോഗം പകരുന്നതെങ്ങനെ?

ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ബാക്ടീരിയ ‘കോളറാ ടോക്‌സിന്‍’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്തെത്തുന്ന ഈ ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യും. ഈച്ചയും ഈ രോഗം പരത്തുന്നതില്‍ പ്രധാനപങ്ക് വഹികുന്നുണ്ട്. ബാക്ടീരിയ ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 12 മണിക്കൂര്‍ മുതല്‍ 5 ദിവസം വരെ എടുക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാം.

പ്രധാന ലക്ഷണങ്ങള്‍

ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഛര്‍ദിയും വയറിളക്കവും മൂലം ജലാംശം നഷ്ടമാകുന്നത് ശരീരതളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും കാരണമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക

ആഹാര പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി വെക്കുക

ഭക്ഷണത്തിന് മുന്‍പ് കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക

പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കാന്‍ ശ്രദ്ധിക്കുക

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: