പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തി; ആൾകൂട്ട ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം

ഛത്തീസ്‌ഗഡ്‌: പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട മർദ്ദനത്തിൽ രണ്ട് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടു. ചാന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. എരുമകളുമായി പോയ ഇവരുടെ മൃതദേഹം മഹാനദി പുഴയോരത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവാക്കൾക്കൊപ്പം ഉണ്ടായിരുന്ന സദ്ദാം ഖാൻ എന്നയാൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

യു.പിയിലെ സഹരൻപുറിൽ നിന്ന് ഒഡിഷയിലേക്ക് പോവുകയായിരുന്നു യുവാക്കൾ. മഹാനദി പാലത്തിന് സമീപം അരംഗ് മേഖലയിൽ ആൾക്കൂട്ടം ഇവരെ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ട്രക്ക് കണ്ട് പിന്തുടർന്ന് എത്തിയ യുവാക്കളുടെ സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. വാഹനത്തിലുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് താഴെയിറങ്ങി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ രക്ഷപ്പെടാനായി പുഴയിലേക്ക് എടുത്തുചാടി, ഇയാൾ മരിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുഴയിൽ മുങ്ങിയതും ക്രൂര മർദ്ദനവും മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പശുക്കടത്ത് ആരോപിച്ചുള്ള അതിക്രമങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഗോവധ നിരോധനവും പശുക്കടത്തും നിരോധിക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്‌ഗഡ്. ഇവിടെ ആകെയുള്ള 11 ലോക്‌സഭാ സീറ്റുകളിൽ 10 ലും വിജയിച്ചത് ബി.ജെ.പിയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: