ചിറ്റൂർ: വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷ് (32), കോരയാർചള്ള സ്വദേശി എ. രാധാകൃഷ്ണൻ (40) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റൂർ എക്സൈസ് സർക്കിളും പാലക്കാട് തോപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഇതുകൂടാതെ വീടിന് സമീപം നിർത്തിയിട്ട പിക്കപ്പ് വാനിൽ നിന്ന് 360 ലിറ്റർ കള്ളും പിടികൂടി.
ചിറ്റൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നാനേഷിന്റെ പെരുമാട്ടി മല്ലൻചള്ളയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 കന്നാസുകളിലായി സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റും കല്ലും കണ്ടെടുത്തത്. കള്ള് സൂക്ഷിച്ചിരുന്ന വനുൾപ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാനേഷ് ചെത്തുതൊഴിലാളിയും രാധാകൃഷ്ണൻ കൊല്ലം ശാസ്താംകോട്ട ഗ്രൂപ്പ് രണ്ടിൽ ഉൾപ്പെട്ട ഷാപ്പിലെ ലൈസൻസിയുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാവേലിക്കര ഗ്രൂപ്പ് നാലിൽ ഉൾപ്പെടുന്ന ഷാപ്പുകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൽ കലർത്താനാണ് സ്പിരിറ്റ് സൂക്ഷിച്ചതെന്ന് ഇരുവരും മൊഴി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾക്ക് എവിടെ നിന്നാണ് സ്പിരിറ്റ് ലഭിച്ചതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രജനീഷ് പറഞ്ഞു.
പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ സജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ ജിഷു ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സുജീഷ്, മധുസൂദനൻ, ടി.സി. സജീവ്, എം. ജോസ് പ്രകാശ്, എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
