Headlines

ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.

കുറ്റിപ്പുറം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പത്തുലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യാസ്മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽനിന്നും ഇവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് ഇൻസ്പെക്ടർ കെ. നൗഫൽ, പ്രിൻസിപ്പൽ എസ്.ഐ. എ.എം. യാസിർ, എസ്.ഐ. ശിവകുമാർ, എ.എസ്.ഐ.മാരായ സുധാകരൻ, സഹദേവൻ, എസ്.സി.പി.ഒ.മാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി.പി.ഒ. മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽനിന്ന് മൊബൈൽ ഫോണുകളും ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വീഡിയോകൾ, ഫോട്ടോകൾ, ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു. സംഘം നേരത്തേ ആരെയെങ്കിലും കെണിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എടപ്പാളിലെ ഒരു മൊബൈൽ ഫോൺ വിൽപ്പന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് സംഘം കെണിയിൽപെടുത്തിയത്. ഇയാൾ നേരത്തെ മുംബൈയിലായിരുന്നു. ഹിന്ദി സംസാരിക്കാൻ അറിയാം. മൊബൈൽഫോൺ വിൽപ്പന കേന്ദ്രത്തിൽ വന്നിരുന്ന യാസ്മിൻ ആലവുമായി യുവാവാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്.

യാസ്മിൻ ആലവുമായി സൗഹൃദത്തിലായതിന്റെ മറവിൽ യുവാവിനെ താമസസ്ഥലത്തേക്കു വരുത്തി സുഹൃത്തായ ഖദീജ കാത്തൂനെ ഉപയോഗിച്ച് ഹണി ട്രാപ്പിൽപ്പെടുത്തിയെന്നാണ് പരാതി. യുവാവും ഖദീജയുമൊത്തുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ യാസ്മിൻ പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി പലതവണ പണം തട്ടിയെടുക്കുകയായിരുന്നു.

അക്കൗണ്ടിലുണ്ടായിരുന്ന പത്തു ലക്ഷത്തോളം രൂപ യുവാവ് സംഘത്തിന് കൈമാറി. വീണ്ടും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ഇതോടെ യുവാവ് ബെംഗളൂരുവിലുള്ള സഹോദരിയോടു പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ഇതിന് പിന്നാലെ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: