പോത്തൻകോട്: ബാറിൽ ഒന്നിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് ആക്രമണം. സംഘട്ടനത്തെ തുടർന്ന് 2 പേർക്ക് വെട്ടേറ്റു. പോത്തൻകോട് വാവറയമ്പലം ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടുകത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സജീവ് രാജിൻ്റെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. പോത്തൻകോട് പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാർച്ച് 9 ഞായറാഴ്ച രാത്രി 8 മണിക്ക് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികളിൽ ഒരാളുടെ കയ്യിൽ സജീവ് രാജ് മദ്യക്കുപ്പി പൊട്ടിച്ചു എന്നാണ് ലഭ്യമായ വിവരം. തുടർന്ന് ബാറിൽ നിന്നും പുറത്തിറങ്ങിയ സംഘം രാത്രി 11 മണിക്ക് വെട്ടുകത്തിയുമായി തിരികെ ബാറിലെത്തി ആക്രമണം നടത്തുകയായിരുന്നു. സജീവ് രാജിൻ്റെ തലയോട്ടിക്ക് പൊട്ടലുണ്ട്. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസാണ് സജീവ് രാജിനേയും ഷിജിനെയും ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജിൽ എത്തിച്ചത്. പ്രതികൾക്കെതിരെ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
