ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍, പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ സൈനിക നടപടി വിശദീകരിക്കാന്‍ സൈന്യം നിയോഗിച്ചത് രണ്ട് വനിതകളെ ആയിരുന്നു. കേണല്‍ സോഫിയ ഖുറേഷി, വിങ്ങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വളരെ കൃത്യമായി ഓപ്പറേഷനെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ലോകം തിരഞ്ഞത് ഈ രണ്ട് വനിതകളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു.
ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായകമായ ചില മുഹൂര്‍ത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തികളില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫിസര്‍. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസം 2016 ലെ എക്‌സര്‍സൈസ് ഫോഴ്‌സ് 18 ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു
ഇതിനെല്ലാം അപ്പുറത്ത് ഇന്ത്യന്‍ സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ (പിസി) നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ 2020 ലെ വിധിയിലും സോഫിയ ഖുറേഷിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. കേണല്‍ ഖുറേഷിയുടെ നേട്ടങ്ങളെ ഉദാഹരിച്ച് കൊണ്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തില്‍ വനിതാ ഓഫീസര്‍മാര്‍ നേടിയ മുന്നേറ്റങ്ങളെ അന്ന് സുപ്രീം കോടതി അടയാളപ്പെടുത്തിയത്. സൈന്യത്തിലെ സ്റ്റാഫ് നിയമനങ്ങള്‍ ഒഴികെയുള്ള എല്ലാ തസ്തികകളില്‍ നിന്നും സ്ത്രീകളെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതില്‍ ന്യായീകരണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു അന്ന് സുപ്രീം കോടതി വിധിച്ചത്.
”എക്സര്‍സൈസ് ഫോഴ്സ് 18′ എന്ന അന്താരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യയെ നയിച്ച ആദ്യ വനിതയാണ് ലെഫ്റ്റനന്റ് കേണല്‍ സോഫിയ ഖുറേഷി. 2006-ല്‍ കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യത്തില്‍ അവര്‍ പങ്കാളിയായിരുന്നു. കോംഗോയിലെ മാനുഷിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിരീക്ഷിക്കുന്നതിലും സോഫിയ ഖുറേഷി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുക എന്നതായിരുന്നു അവരുടെ ചുമതല,’ എന്നുമായിരുന്നു സുപ്രീം കോടതി പരാമര്‍ശങ്ങള്‍.