തൃശ്ശൂർ: തൃശ്ശൂരിൽ യുകെജി വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി തല്ലി. കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരെയാണ് കുട്ടിയുടെ രക്ഷകർത്താക്കൾ പരാതി നൽകിയത്. സെലിനെതിരെ നെടുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചായിരുന്നു അധ്യാപിക ചുരൽ ഉപയോഗിച്ച് കുഞ്ഞിനെ ക്രൂരമായി തല്ലിയത്.
ഇവരെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. മർദ്ദനമേറ്റ അഞ്ചുവയസ്സുകാരന്റെ കാലിൽ നിരവധി മുറിവുകളും പാടുകളുമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നതെങ്കിലും സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നതും ശനിയാഴ്ചയോടെയാണ്. കുട്ടിയുടെ രണ്ടു കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോൾ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാൽ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദമുണ്ടായതായും ആരോപണമുണ്ട്. പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

