ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപയില്ല, മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്





ബലാസോര്‍: സൈക്കിള്‍ റിക്ഷയില്‍ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്. ഒഡീഷയില്‍ നിന്നാണ് നെഞ്ചുലയ്ക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ആംബുലന്‍സിന് നല്‍കാന്‍ വേണ്ട 1200 രൂപ പോലും കയ്യിലില്ലാത്ത സാഹചര്യത്തിലാണ് പിതാവ് മകളുടെ മൃതദേഹം വഹിക്കാന്‍ സൈക്കിള്‍ റിക്ഷയെ ആശ്രയിച്ചത്. ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്.



ബലിയാപാല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡ്യൂല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മധു ബിന്ധാനി എന്നയാളുടെ മകളായ ആശ ബിന്ധാനിയാണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് അറിയിച്ചു. ഇതിനായി ബലിയാപാല്‍ സിഎച്ച്സിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു.

എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവിന്റെ പക്കല്‍ ഈ പണം ഇല്ലായിരുന്നു. തുടര്‍ന്ന് 108 ആംബുലന്‍സ് സര്‍വീസിനെ ബന്ധപ്പെട്ടെങ്കിലും മൃതദേഹം എത്തിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അറിയിക്കുകയായിരുന്നു.


ആംബുലന്‍സിനുള്ള തുക കണ്ടെത്താന്‍ നാട്ടുകാരോട് ഉള്‍പ്പെടെ സഹായം തേടിയെങ്കിലും പണം ലഭിച്ചില്ല. ഒടുവില്‍ പ്രദേശത്തെ സൈക്കിള്‍ റിക്ഷാക്കാരന്‍ തന്റെ വാഹനം നല്‍കുകയായിരുന്നു. സൈക്കിള്‍ ട്രോളിയില്‍ മകളുടെ മൃതദേഹം സിഎച്ച്‌സിയിലേക്ക് എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി അതേ റിക്ഷയില്‍ തന്നെ മൃതദേഹം ഡ്യൂല ഗ്രാമത്തിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയി. മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കൊണ്ടുപോകുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ദുരിതം പുറത്തറിഞ്ഞത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: