Headlines

തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ; ശ്രീലങ്കയ തകർത്തത് 302 റൺസിന്, ഷമിക്ക് 5 വിക്കറ്റ്

മുംബൈ:2023 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെർത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.

മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നിൽ ശ്രീലങ്ക വിറച്ചു. 2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുൻനിര ബാറ്റർമാരെല്ലാം നിറം മങ്ങി. വെറും മൂന്നേ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. വെറും 22 റൺസെടുക്കുന്നതിനിടെ ഏഴ് മുൻനിര വിക്കറ്റുകൾ നിലംപൊത്തി. ഇന്ത്യൻ പേസർമാരുടെ തീയുണ്ടകൾക്ക് മുമ്പിൽ ലങ്കൻ താരങ്ങൾ മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമിൽ പന്തെറിഞ്ഞതോടെ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു. പുറത്തായ താരങ്ങൾക്കും രണ്ടക്കം പോലും നേടാനായില്ല.

പത്തും നിസ്സങ്ക (0), ദിമുത് കരുണരത്നെ (0), സദീര സമരവിക്രമ (0), കുശാൽ മെൻഡിസ് (1), ചരിത് അസലങ്ക (1), ദുഷൻ ഹേമന്ദ (0) എന്നിവർ ഒന്നുപൊരുതുക പോലും ചെയ്തില്ല. ദിമുത് കരുണരത്നെ (0), സദീര സമരവിക്രമ (0), കുശാൽ മെൻഡിസ് (1), ചരിത് അസലങ്ക (1), ദുഷൻ ഹേമന്ദ (0) എന്നിവർ ഒന്നുപൊരുതുക പോലും ചെയ്യാതെ കീഴടക്കി. ടീം സ്കോർ 29-ൽ എത്തിയപ്പോൾ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ജലോ മാത്യൂസും പുറത്തായി. 12 റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുൻ രജിതയും ചേർന്ന് ടീം സ്കോർ 49-ൽ എത്തിച്ചു. ഇതോടെ റൺ അടിസ്ഥാനത്തിലുള്ള ലോകകപ്പിലെ ഏറ്റവും വലിയ തോൽവി എന്ന നാണക്കേടിൽ നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു.

എന്നാൽ 14 റൺസെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്ത്താനും ഷമിയ്ക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്സ് അവസാനിപ്പിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ സിറാജ് മൂന്ന് വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ടൂർണമെന്റിൽ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ തുടക്കത്തിൽ തന്നെ പുറത്തായി. വെറും നാല് റൺസ് മാത്രമെടുത്ത താരത്തെ ദിൽഷൻ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കി. ഇന്നിങ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

എന്നാൽ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. അനായാസം കോലി ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്കോർ 100 കടത്തി. പിന്നാലെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു. ഈ ടൂർണമെന്റിലെ കോലിയുടെ അഞ്ചാംഅർധശതകമാണിത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും കോലിയ്ക്ക് സാധിച്ചു. കോലിയ്ക്ക് പിന്നാലെ ഗില്ലും അർധസെഞ്ചുറി നേടി.

കോലിയും ഗിലും തകർത്തടിച്ചതോടെ ശ്രീലങ്കൻ ക്യാമ്പിൽ നിരാശ പടർന്നു. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ മധുശങ്ക വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. ഗില്ലിനെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിന്റെ കൈയ്യിലെത്തിച്ച് താരം ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തിൽ 11 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 92 റൺസെടുത്താണ് ഗിൽ പുറത്തായത്. അർഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ നിരാശയിൽ ഗിൽ ക്രീസ് വിട്ടു. കോലിയ്ക്കൊപ്പം 189 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താനും സാധിച്ചു.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചുതകർത്തു. അർധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറിൽ ടീം സ്കോർ 300 കടത്തി. അവസാന ഓവറുകളിൽ ശ്രേയസ് സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. മധുശങ്കയുടെ 48-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സടിച്ച ശ്രേയസ് മൂന്നാം പന്തിൽ പുറത്തായി. വെറും 56 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്സിന്റെയും സഹായത്തോടെ 82 റൺസെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്. ശ്രേയസ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ ടീം സ്കോർ 350 കടത്തി. അവസാന ഓവറുകളിൽ താരം അടിച്ചുതകർത്തു. ജഡേജ 24 പന്തിൽ 35 റൺസെടുത്ത് അവസാന ഓവറിലെ അവസാന പന്തിൽ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക അഞ്ചുവിക്കറ്റ് വീഴ്ത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: