തിരുവനന്തപുരം :ആൾ ഇന്ത്യാ റെയിൽവേമെൻസ് ഫെഡറേഷൻറെ നേത്യത്വത്തിൽ റെയിൽവേ ജീവനക്കാർ 2024 ജനുവരി 8 മുതൽ 11 വരെ 4 ദിവസം പകൽ നടത്തുന്ന റിലേ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നാഷണൽ പെൻഷൻ പദ്ധതി (NPS) ഉപേക്ഷിക്കുക, പഴയ പെൻഷൻ പദ്ധതിയായ ഗ്യാരൻറീട് പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യയിലുള്ള എല്ലാ റെയിൽവേ ഡിവിഷണൽ ഓഫീസുകൾക്കുമുന്നിലും ജീവനക്കാർ ഉപവസിക്കുന്നു. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവനക്കാർ അനിശ്ചിതകാല സമരം അടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കും.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുമ്പിൽ തുടങ്ങിയ ഉപവാസ സമരത്തിൻ്റെ മൂന്നാം ദിവസം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ആർ.എം.യു അസി. ജനറൽ സെക്രട്ടറി പി. ഗണേശൻ, ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ‌് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കവിതാരാജൻ എന്നിവർ ഉപവാസ സമരത്തിന് അഭിവാദ്യം ചെയ്തു സംസാരിച്ചു. എസ്.ആർ.എം.യു ഡിവിഷണൽ സെക്രട്ടറി എസ്. ഗോപീകൃഷ്‌ണ, അസി. ജനറൽ സെക്രട്ടറി വി. അനിൽകുമാർ, ഡിവിഷണൽ നേതാക്കളായ കെ.ജി. സുനിൽകുമാർ, കെ.സി. സതീഷ്കുമാർ, പി.ഐ. സെബാസ്റ്റ്യൻ, എസ്. ഗിരീഷ്‌കുമാർ തുടങ്ങിയവർ മൂന്നാം ദിവസവും നേത്യത്വം നൽകി. ഉപവാസ സമരത്തിൻ്റെ 4-ാം ദിവസമായ ഇന്ന് പന്ന്യൻ രവീന്ദ്രൻ എക്സ‌്. എം.പി. സംസാരിക്കും.
