മലയാളത്തിൽ കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്നാണ് ‘ദേവദൂതൻ’. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. സിനിമ അന്ന് ശ്രദ്ധ നേടിയില്ലെങ്കിലും, ഇന്ന് ഈ സിനിമയും ഇതിലെ പാട്ടുകളും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംഗീതത്തിന്റെ രാജാവായ വിദ്യാസാഗർ ഒരുക്കിയ ഓരോപാട്ടും ആരാധകർ ഇരുകയ്യും നേരിട്ടിയാണ് സ്വീകരിച്ചത്. പ്രണയ കാവ്യം എന്നതിലുപരി സംഗീതത്തിന്റെ കാവ്യമാണ് ഈ ചിത്രം.
ഇന്നും ഏറെ ആരാധകരുള്ള മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. പുറത്തിറങ്ങിയിട്ട് 24 വർഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും ഇന്നും മലയാളി മറന്നിട്ടില്ല. ഇപ്പോഴിതാ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഫോർ കെ മികവിൽ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്.
റീ റിലീസിന് മുന്നോടിയായി കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻ്റസ് ദേവദൂതന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. പറന്നുയരുന്ന പ്രാവിനെ നോക്കി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ ചിത്രമെന്നാണ് റിലീസിനെത്തുന്നത് എന്ന വിവരം ലഭ്യമല്ല.
ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ പൂർത്തിയായ വിവരം നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോൾ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും മഹേശ്വർ ആയി വിനീതുമെത്തി. വിദ്യ സാഗർ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയിൽ ആണ് ഛായാഗ്രഹണം നിർവഹിച്ചത്

