ചേർത്തല: പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയയാൾക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡിൽ തിരുമല ഭാഗം നികർത്തിൽ വീട്ടിൽ സാബു(55)വിനെയാണ് 20 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചത്. പിതാവിന്റെ തുണിക്കട തുറക്കാനെത്തിയ പതിനാലുകാരനെയാണ് ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്സോ) ജഡ്ജിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2022 ഒക്ടോബറിൽ കുത്തിയതോടാണ് സംഭവം നടന്നത്. അച്ഛൻ നടത്തിയിരുന്ന തുണിക്കടയിൽ ഞായറാഴ്ച ദിവസം രാവിലെ കട തുറക്കനായെത്തിയതായിരുന്നു ബാലൻ. തുണിക്കടയോട് ചേർന്നുള്ള ശൗചാലയത്തിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ഗ്ലാസ് ഷീറ്റ് എടുക്കുന്നതിനായി വന്ന പ്രതി അതെടുക്കാനായി കുട്ടിയുടെ സഹായം ആവശ്യപ്പെടുകയും, സഹായിക്കുന്നതിനായി ചെന്ന കുട്ടിയെ പീഡനത്തിനിരയാക്കി സ്ഥലം വിടുകയുമായിരുന്നു. പിന്നീട് കുട്ടി അച്ഛനെ വിവരം അറിയിച്ചു. അല്പസമയത്തിനുശേഷം വീണ്ടും അവിടേക്ക് വന്ന പ്രതി കുട്ടിയുടെ അച്ഛൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. രക്ഷാതാവിൻറെ പരാതിയിൽ കേസെടുത്ത പൊലീസ് സാബുവിനെ അറസ്റ്റ് ചെയ്തു.
കേസിൽ പോക്സോ നിയമപ്രകാരം 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ഒരു വർഷം കൂടി തടവും അനുഭവിക്കേണ്ടി വരുമെന്ന് കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 33 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തു. കുത്തിയതോട് എസ്. ഐ ആയിരുന്ന ജി. അജിത്കുമാർ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണം സ്റ്റേഷൻ ഓഫീസറായിരുന്ന എ. ഫൈസലാണ് നടത്തിയത്. സിപിഒമാരായ സബിത, ശ്രീവിദ്യ, ഗോപകുമാർ, അനിൽകുമാർ, രാജേഷ്, ബിജോയ്, വിനീഷ്, വൈശാഖൻ, സുജീഷ് മോൻ, മനു, കിംഗ് റിച്ചാർഡ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ മഞ്ചാടിക്കുന്നേൽ അഡ്വ. വി. എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി

