യുപിഎസ്‌സി ചെയർപേർസൺ മനോജ് സോണി രാജിവച്ചു; അഞ്ച് വർഷം കാലാവധി ശേഷിക്കെ രാജിവച്ചത് മോദിയുടെ വിശ്വസ്തൻ

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയർപേർസൺ മനോജ് സോണി രാജി വച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ശേഷിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ രാജിവച്ചത്. പുതിയ യുപിഎസ്‌സി ചെയർപേർസൺനെ കേന്ദ്ര സർക്കാർ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ് രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. പൂജ ഖേദകറുടെ നിയമനവുമായി ബന്ധപ്പെട്ട് സിവിൽ സർവ്വീസ് പരീക്ഷ നടത്തിപ്പിനെക്കുറിച്ച് നിലവിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലല്ല രാജിയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

2017-ൽ ആണ് സോണി UPSC അംഗമായി ചുമതലയേൽക്കുന്നത്. 2023 മെയ് 16 -ന് ചെയർപേർസൺ ആയി. 2029 വരെ കാലാവധി ശേഷിക്കെയാണ് രാജി എന്നത് ശ്രദ്ധേയമാണ്. 2020 ൽ ഗുജറാത്തിലെ സ്വാമിനാരയൺ വിഭാഗത്തിന്റെ അനൂപം മിഷനിൽ സന്യാസിയായി ദീക്ഷ സ്വീകരിച്ചിരുന്നു. അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിയെന്ന് റിപ്പോർട്ടുകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി കാലത്ത് സംസ്ഥാനത്ത് വഡോദരയിലെ പ്രശസ്തമായ MS സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയി മനോജ് സോണിയെ നിയമിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് 40 വയസ് മാത്രമായിരുന്നു പ്രായം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ ആയിരുന്നു മനോജ് സോണി. പിന്നീട് ഡോ. ബാബാസാഹേബ് അംബേദ്‌കർ ഓപ്പൺ സർവ്വ്കലാശാല വൈസ് ചാൻസലർ ആയും സോണി പ്രവർത്തിച്ചിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുതിയിരുന്നവരിൽ ഒരാൾ മനോജ് സോണി ആണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: