വർക്കല കൂട്ടബലാത്സംഗം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്ന് യുവതി താഴേക്ക് ചാടിയതിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതി ദിനേശൻ ഒളിവിലാണ്.

താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45 ഓടെയാണ് പാപനാശം ഹെലിപ്പാഡ് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടിയത്. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ തന്നെ ജ്യൂസിൽ ലഹരി നൽകിയെന്നും പലയിടങ്ങളിൽ കൊണ്ടു പോയി നാല് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതിയുടെ മൊഴിയിലുണ്ട്.

പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ശ്രമമെന്ന് കണക്കാക്കിയിരുന്ന കേസിലാണ് യുവതിയുടെ മൊഴി നിർണായകമായത്. മദ്യവും ഇവർ നിർബന്ധിപ്പിച്ചു കുടിപ്പിച്ചതായി യുവതി പറയുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. യുവതിയെ ബന്ധുക്കൾ സ്ഥലത്തെത്തി നാഗർകോവിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർചികിത്സയ്ക്കായി മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: