സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം പുതിയ തലത്തില്‍. സിനിമയുടെ പൂര്‍ണരൂപം ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍.
സിനിമ റിലീസ് ചെയ്യാന്‍ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 33 മിനിറ്റുള്ള സിനിമ വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
ടൊവിനോ തോമസ് മുഖ്യ കഥാപാത്രമായും നിര്‍മാണ പങ്കാളിയുമായി എത്തിയ ചിത്രം പുറത്തിറക്കാന്‍ താരം ശ്രമിക്കുന്നില്ലെന്നും കരിയറിനെ ബാധിക്കുമെന്നാണ് പറഞ്ഞതെന്നുമുള്ള സനലിന്റെ ആരോപണത്തിലൂടെയാണ് വഴക്ക് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ആരംഭിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘വഴക്ക്’ ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്നുമായിരുന്നു ടോവിനോയുടെ മറുപടിയെന്നും സനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
സനല്‍ കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ തന്നെ രംഗത്തെത്തിയിരുന്നു. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു

