Headlines

സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം; പാചകം പഴയിടം തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറിയും ഭക്ഷണം ഒരുക്കുക പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഇതിനായുള്ള ടെൻഡർ മോഹനൻ നമ്പൂതിരി തന്നെ നേടുകയായിരുന്നു. തുടർച്ചയായ പതിനേഴാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴയിടം സദ്യയൊരുക്കുന്നത്. അതേസമയം, ഇക്കുറിയും മാംസ ഭക്ഷണം കലോത്സവത്തിന് ഉണ്ടാകില്ല..

ജനുവരി 2 മുതൽ 8 വരെ കൊല്ലത്താണ് കലോത്സവം. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും ഉൾപ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വി.ശിവൻകുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇക്കൊല്ലവും നോൺ വെജ് വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

ദിവസവും 40000– 50000 പേർക്ക് ഭക്ഷണം വിളമ്പേണ്ട കലോത്സവത്തിൽ നോൺ വെജ് കൂടി ഉൾപ്പെടുത്തിയാൽ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തിയാണ് ‘വെജിറ്റേറിയൻ’ തുടരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്കൂൾ കായിക മേളയിൽ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേർക്കു മതിയാകും.

കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റി ചുമതല. സസ്യ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെൻഡറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്കൂൾ മേളകൾക്കും ഭക്ഷണമൊരുക്കിയ അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: