തിരുവനന്തപുരം: കാൻസർ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി പിടിയിൽ. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ ആണ് വിജിലന്റെ പിടിയിലായത്. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിന് അനുമതിക്കായി കാൻസർ രോഗിയായ വ്യക്തിയിൽ നിന്നും ഇയാൾ പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാട്ടാക്കട ജംഗ്ഷനിൽവെച്ചാണ് വിജിലൻസ് ആൻഡ് ആൻറികരപ്ഷൻ ബ്യൂറോ എസ്.പി. അജയ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. അനിൽകുമാറും സംഘവും വാഹനം തടഞ്ഞുനിർത്തി ഇയാള പിടികൂടിയത്.
വീടു വയ്ക്കാനായി മണ്ണിടിക്കുന്നതിനായി വെള്ളനാട് മുണ്ടേല സ്വദേശിനി ടിപ്പർ ലോറി ഉടമകളുടെ സഹായം തേടിയിരുന്നു. ഇതിന് അനുമതിക്കായാണ് ഇവർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത്. എന്നാൽ അനുമതി നൽകാതിരുന്നപ്പോൾ പണം നൽകാമെന്ന് സമ്മതിച്ചു വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കയറ്റി പണം വാങ്ങി ഇറക്കി വിടുകയായിരുന്നു. പിന്നാലെ പുറപ്പെട്ട വിജിലൻസ് സംഘം കാട്ടാക്കടയിൽ വച്ച് ഗോപകുമാറിനെ പിടികൂടുകയായിരുന്നു
