മലപ്പുറം: വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന്കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്നാണ് ഇയാൾ 10,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം.ഷെഫീഖിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകി വരുന്നതാണ് 6 ലക്ഷം രൂപ. ഇതിൽ നിന്ന് സ്ഥലം വാങ്ങുന്നതിനായി ലഭിച്ച രണ്ട് ലക്ഷത്തിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 20,000 രൂപയാണ് കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത് എന്ന് വീട്ടമ്മ പറയുന്നു. എന്നാൽ ഇത്രേയും നൽകാൻ കഴിയില്ലെന്ന് പറഞ്ഞതോടെ തൽക്കാലം പതിനായിരം രൂപ നൽകാനും ബാക്കി പതിനായിരം രൂപ വീട് അനുവദിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു ഇതോടെ വീട്ടമ്മ വിജിലൻസിന് സമീപിക്കുകയായിരുന്നു.
