മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഇന്ന് വിധി. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്.
2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസില്‍പ്പെട്ടതാണ് ഷാബ ഷെരീഫ് കേസ്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും.
കേസില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവരുന്നത്. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ചങ്ങലയ്ക്കിട്ടും ക്രൂരമായി പീഡിപ്പിച്ചും ഷാബ ഷെരീഫിനെ കൊലപ്പെടുത്തുകയായിരുന്നു
