കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചയ്ക്ക് 2.45ന് ഏറനാട് എക്‌സ്പ്രസിലാണ്സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്.
ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതില്‍ വിലപിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍എസ്.എച്ച്.ഒ പി. വിജേഷ് പ്രസ്തുത ട്രെയിനില്‍ ബീറ്റ് 41 ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ ഗവ. റെയില്‍വെ പോലീസിലെ സീനിയര്‍ സി.പി.ഒ സുരേഷ് കക്കറയെ വിവരം അറിയിച്ചു.
പരാതിക്കാരിക്ക് ഏതു ജനറല്‍ കോച്ചിലാണ് യാത്ര ചെയ്തത് എന്ന് കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ ട്രെയിന്‍ പയ്യന്നൂര്‍ എത്തുന്നതിനു മുമ്പേ തന്നെ സുരേഷ് കക്കറ പല കോച്ചുകള്‍ മാറി മാറി പരിശോധിച്ചു ബാഗ് കണ്ടെത്തുകയും ചെയ്തു.
പത്തു പവന്‍ സ്വര്‍ണാഭരണങ്ങളായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്.
ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് മൂലമാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു പോവാതിരുന്നത്.
തുടര്‍ന്ന് വൈകിട്ടോടെ കണ്ണൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരിക്ക് എസ്.എച്ച്.ഒ പി. വിജേഷിന്റെ സാന്നിധ്യത്തില്‍ സുരേഷ് കക്കറ
സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തിരികെ നല്‍കി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയും തൃശൂര്‍ കേരള സാഹിത്യ അക്കാദമിയിലെ എല്‍.ഡി ക്ലര്‍ക്കുമായ മൃദുലയുടെ ബാഗാണ് നഷ്ടപ്പെട്ടത്.
