ബീഹാറിലെ ജെഹാനാബാദ് ജില്ലയിൽ ഒരു വ്യത്യസ്തമായ മോഷണം നടന്നു. മൂന്ന് കിലോമീറ്റർ നീളത്തിൽ ഭാഗികമായി നിർമിച്ച ഒരു റോഡാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് മോഷ്ടിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലെ നിവാസികളാണ് ഇവരുടെ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന റോഡിന്റെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയത്. കോൺക്രീറ്റ്, മണൽ, കല്ല് ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികൾ ഇവർ മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നു. റോഡിനായി ഇട്ട കോൺക്രീറ്റ് മിശ്രിതം ഉണങ്ങുന്നതിന് മുമ്പ് വലിയ കൊട്ടകളിലും ചട്ടികളിലും കോരിക്കൊണ്ട് ഗ്രാമവാസികൾ വീടുകളിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഗ്രാമത്തിലെ മുഴുവൻ ആളുകളും ചേർന്നാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്.

ജില്ലാ ആസ്ഥാനവുമായുള്ള ഗ്രാമത്തിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനാണ് റോഡിനിർമ്മാണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായിരുന്നു ഈ റോഡ് നിർമ്മാണമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ആർജെഡി എംഎൽഎ സതീഷ് കുമാർ രണ്ട് മാസം മുമ്പ് റോഡിന്റെ തറക്കല്ലിട്ടിരുന്നുവെങ്കിലും നിർമ്മാണ സാമഗ്രികളെല്ലാം ഗ്രാമവാസികൾ എടുത്തുകൊണ്ട് പോയതോടെ റോഡ് നിർമാണം നിലച്ചു. സംഭവത്തിൽ മഖ്ദുംപൂർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
