നിപ ഐസോലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും ; മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുന്നതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ സമ്പര്‍ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോട് കൂടി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. അത് കൃത്യമായി പാലിക്കപ്പെടണം.

കണക്കാക്കിയിരിക്കുന്ന ഇന്‍ക്യുബേഷന്‍ പീരിഡിന്റെയും ഇരട്ടി അതായത് 42 ദിവസം പുതിയ രോഗികള്‍ ഒന്നും ഉണ്ടാകുന്നില്ല എങ്കില്‍ മാത്രമേ നിപ ഔട്ട് ബ്രേക്കില്‍ നിന്നും പൂര്‍ണ വിമുക്തി നേടി എന്നു പറയാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ ഒക്ടോബര്‍ 26 വരെ കോഴിക്കോട് ജില്ലയില്‍ ജാഗ്രത തുടരണം. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.

നിപ നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവലോകന യോഗം ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കും.

പരിശോധനയ്ക്കയച്ച 5 പരിശോധനാ ഫലങ്ങള്‍ കൂടി ഇന്ന് നെഗറ്റീവായി. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞ 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഐസൊലേഷനിലുള്ളത് 875 പേരാണ്. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജീവനക്കാര്‍ക്കുള്ള വിദഗ്ധ പരിശീലനം തുടരുന്നു.
നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗവും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: