കൊച്ചി: യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളില്‍ മാര്‍ക്കോ പോലുള്ള സിനിമകള്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായതിനെ തുടർന്ന് സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിരോധിച്ചിരുന്നു. പിന്നാലെ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിച്ച ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ സ്ട്രീമിംഗ് നിരോധിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ശ്രമം ആരംഭിച്ചതായാണ് സൂചന. സിനിമയിലെ വലിയ തോതിലുള്ള വയലന്‍സ് കാരണമാണ് ഇത്തരം ഒരു നീക്കം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ കേന്ദ്ര സർക്കാരിനോട് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം നിര്‍ത്താന്‍ ഇടപെടണം എന്ന് ആവശ്യപ്പെടാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന പേരില്‍ ഇറങ്ങിയ മാര്‍ക്കോയുടെ ടിവി സംപ്രേഷണം കഴിഞ്ഞ ദിവസം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നാണ് വിവരം. സിബിഎഫ്സിയുടെ റീജിയണൽ ഓഫീസർ നദീം തുഫലി ടിയാണ് ഈ വിഷയത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സൻ പ്രസിദ്ധ ഗാനരചയിതാവ് പ്രസൂൺ ജോഷിക്ക് എഴുതിയത്.
അതേ സമയം ചിത്രത്തിന് സാറ്റ്ലെറ്റ് നിഷേധിച്ചതില്‍ സിബിഎഫ്സി റീജിയണൽ ഓഫീസർ നദീം തുഫലി ടി ഒരു ചാനലിനോട് പ്രതികരിച്ചു. “മാർക്കോയ്ക്ക് സിബിഎഫ്സി ‘എ’ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇത്തരം സിനിമകൾ കുട്ടികൾ കാണുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. സിബിഎഫ്സിയുടെ പങ്ക് സർട്ടിഫിക്കേഷൻ വരെയാണ്, സെൻസർഷിപ്പ് അല്ല. കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് ഈ സിനിമ യോജ്യമല്ലെന്ന് കണക്കാക്കിയാണ് സാറ്റലൈറ്റ് പ്രക്ഷേപണം നിരാകരിച്ചത്.” ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച മാർക്കോ 2024-ലെ മലയാളം നിയോ-നോയർ ആക്ഷൻ ത്രില്ലർ സിനിമയാണ്. അഡാട്ട് കുടുംബത്തിൽ ദത്തെടുത്ത മാർക്കോയുടെ കഥയാണ് ചിത്രം. സഹോദരൻ മരണത്തിന് പ്രതികാരം ചെയ്യുന്നതാണ് ചിത്രം.
