ചാലിശ്ശേരിയിൽ കിണറ്റിൽ നിന്ന് അണലികളെ പിടികൂടി


ചാലിശ്ശേരി: ബി.എസ്.എൻ.എൽ.ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്.തൊട്ടടുത്തുള്ള ഷെഫീക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്നും ശീൽക്കാര ശബ്ദ‌ം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്.പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്.

വാർഡ് മെമ്പറും ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുമായ ഹുസൈൻ പുളിയഞ്ഞാലിൽ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരിയുമായി ബന്ധപ്പെടുകയും, തുടർന്ന് പാമ്പ് സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തുകയും ചാലിശ്ശേരി പോലീസിന്റെ സാന്നിധ്യത്തിൽ ഒരു മണിക്കൂറോളം നീണ്ട കഠിന പരിശ്രമാനന്തരം അണലികളെ പിടികൂടുകയു ചെയ്തു .

ഡിസംബർ,ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ് ‘അണലി’. ഇതിനെ ‘വട്ടക്കൂറ’, ‘ചേനത്തണ്ടൻ’, ‘തേക്കില പുളളി’ എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്ന ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി എന്ന് രാജൻ പെരുമ്പിലാവ് പറഞ്ഞു.ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടിയിട്ട്, നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.ഒളിഞ്ഞിരുന്ന് ഇരപിടിക്കുന്ന വിഭാഗത്തിൽ പെട്ട അണലി മറ്റു പാമ്പുകളെപ്പോലെ ആളനക്കം കേട്ടാലും ഓടി പോകില്ല.360 ഡിഗ്രിയിൽ തിരിഞ്ഞു കടിക്കാനുള്ള പ്രത്യേകതയാണ്.അണലിയെ അപകടകാരിയാക്കുന്നത്.കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ കൂടുതലും അണലിയുടെ കടിയേറ്റണ്.

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ എസ്.മഹേശ്വരി, പോലീസ് ഡ്രൈവറും സിവിൽ പോലീസ് ഓഫീസറുമായ സുരേഷ് പെരിങ്ങോട്, വാർഡ് മെമ്പർ ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി,കുഞ്ഞിപ്പ മതിൽ പറമ്പിൽ,ബഷീർ ചാലിശ്ശേരി,ഷെഫീഖ് എന്നിവർ സന്നിഹിതരായിരുന്നു. പിടികൂടിയ പാമ്പുകളെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: