ജനങ്ങൾ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ വോട്ട് ചെയ്യൽ നിർബന്ധമാക്കണം; സുപ്രീംകോടതി

ന്യൂഡൽഹി: വോട്ട് ചെയ്യാൻ കൂടുതൽ പേർ പോളിങ് ബൂത്തിലെത്തണമെങ്കിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കണമെന്ന് സുപ്രിംകോടതി. മത്സരിക്കാനുള്ള സ്ഥാനാർഥി ഒരാൾ മാത്രമാണെങ്കിലും വോട്ടെടുപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള ഈ പരാമർശം നടത്തിയത്.


ജനങ്ങൾ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താൻ കർക്കശമല്ലെങ്കിലും നിർബന്ധിത സംവിധാനം വേണമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. ദുർബല വിഭാഗത്തിലുള്ളവരെ അപേക്ഷിച്ച് സമ്പന്നരുടെയും അഭ്യസ്തവിദ്യരുടെയും എണ്ണമാണ് വോട്ടിങ്ങിൽ കുറവെന്നാണ് തന്‍റെ അനുഭവമെന്ന് ജസ്റ്റിസ് ബാഗ്‍ചി പറഞ്ഞു. ഗ്രാമങ്ങളിൽ പോളിങ് ദിനം ആഘോഷമാക്കാറുണ്ട്. സ്ത്രീകൾക്ക് വീട്ടിലെ പണികളിൽ നിന്ന് മോചനം കിട്ടും, അവർ സംഘമായി പാട്ടു പാടിയും നൃത്തം ചെയ്തുമൊക്കെ പോളിങ് ബൂത്തിൽ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി ഒരാൾ മാത്രമുള്ളിടത്ത് വോട്ടർമാർക്ക് നോട്ട ഓപ്ഷൻ ഉപയോഗിക്കാമെന്ന ഹരജിയിലെ വാദത്തോട് പ്രതികരിക്കവെ നോട്ട കൊണ്ട് വോട്ടിങ് ശതമാനമോ സ്ഥാനാർഥികളുടെ മേന്മയോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഒരാൾ മാത്രം മത്സരിക്കുന്നിടത്ത് സ്ഥാനാർഥിക്ക് നോട്ടയേക്കാൾ കുറവ് വോട്ടാണ് കിട്ടുന്നതെങ്കിൽ ആ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: