തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി സിപിഎം ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. വന്‍ ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വലിയ മുദ്രാവാക്യങ്ങളുമായി എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. വിഎസിന്റെ മൃതദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റെഡ് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, മുഖ്യമന്ത്രി തുടങ്ങി നിരവധി നേതാക്കൾ എകെജി സെന്ററിലെത്തി. വലിയ ജനാവലിയാണ് എകെജി സെന്ററിന്റെ പരിസരത്തുയർന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു.
എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാത്രിയോടെ ഇവിടെനിന്നും തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധൻ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാരിക്കും.
പ്രിയ സഖാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. വി എസിനോടുള്ള ആദരസൂചകമായി നാളെ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്.
