തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് കൂടുതൽ പേർ പിന്തുണയുമായെത്തുന്നുണ്ട്. ഇന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് സമരം ഉദ്ഘാടനം ചെയ്യും. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് ഇന്നലെ കേസടുത്തിരുന്നു. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് നേതാക്കള്‍ക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു. ചോദ്യംചെയ്യലിന് എത്താന്‍ പൊലീസ് ആശ വര്‍ക്കര്‍മാര്‍ക്ക് നോട്ടീസ് നല്കി. ഇത് സമരക്കാർ തള്ളി.
അഞ്ച് നേതാക്കളോട് ഉടൻ ഹാജരാകാൻ ആവശ്യപ്പെട്ട നോട്ടീസ് തള്ളിയ സമരസമിതി പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ സമരം തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. വ്യാഴാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മഹാ സംഗമം സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.
സമരത്തെ തള്ളി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആശ വര്‍ക്കര്‍മാരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ വര്‍ഷവും ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ബജറ്റിലും അവരെ പ്രത്യേകം പറയുമെന്ന് വിചാരിച്ചാണ് ഇവര്‍ സമരം ചെയ്യുന്നത്. എന്നാല്‍ ആശ വര്‍ക്കര്‍മാര്‍ സ്കീം വര്‍ക്കര്‍മാരാണ്. അവര്‍ക്ക് ഏറ്റവും നല്ല ശമ്പളം നല്കുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ ആശ വർക്കർമാർ രംഗത്ത് വന്നിരുന്നു. നിലവിലുള്ള ശമ്പളം പോലും കൃത്യമായി കിട്ടുന്നില്ലെന്നും മന്ത്രി പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും കിട്ടിയതായി അറിവില്ലെന്നും അസോസിയേഷൻ പ്രതികരിച്ചു. ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ആശാവർക്കർമാരെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞതും വിവാദമായിരുന്നു.
