ജലക്ഷാമം ഇന്ത്യൻ റെയിൽവേയെയും ബാധിച്ചു; ഇനി വന്ദേഭാരതിൽ യാത്രക്കാർക്കു ലഭിക്കുക അര ലിറ്റർ വെള്ളം

വേനൽ കടുത്തതോടെ കടുത്ത ജലക്ഷാമം ആണ് എങ്ങും നേരിടുന്നത്. കുടിനീരിനായി കിണർ കുത്തിയാൽപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയും കൂടി പണി മുടക്കിയാൽ പൈപ്പിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാവും. ഇപ്പോഴിതാ ഇന്ത്യൻ റെയിൽവേയെയും കുടിവെള്ള ക്ഷാമം മോശമായി ബാധിച്ചിരിക്കുകയാണ്.

വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതൽ ലഭിക്കുക. കൂടുതൽ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി നൽകും. ജലം പാഴാക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

ഇനിമുതൽ അങ്ങോട്ട് വന്ദേഭാരതിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 500 മില്ലി ലിറ്ററിന്റെ റെയിൽ നീർ ആയിരിക്കും ലഭിക്കുക. കൂടുതൽ വെള്ളം ആവശ്യമായി വരുന്ന യാത്രക്കാർ ആവശ്യപ്പെടുകയാണെങ്കിൽ 500 മില്ലി ലിറ്ററിന്റെ ഒരു ബോട്ടിൽ കൂടി ലഭിക്കും. രണ്ടാമത് ലഭിക്കുന്ന 500 മില്ലി ലിറ്റർ വെള്ളത്തിന് അധികമായി ചാർജ് നൽകേണ്ട ആവശ്യമില്ല.

കുടിവെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്ന് ഉത്തര റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. വന്ദേഭാരത് ട്രെയിനിൽ ചെറിയ ദൂരത്തിൽ ആയിരിക്കും കൂടുതൽ യാത്രക്കാരും സഞ്ചരിക്കുന്നത്. അവർക്ക് കൂടുതൽ ഉപകാരപ്രദമാകുന്നതും 500 മില്ലി ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും. അതുകൂടി പരിഗണിച്ചാണ് റെയിൽവേ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.

ശതാബ്ദി ട്രെയിനുകളിലും ഈ നീക്കം നടപ്പിലാക്കിയിട്ടുണ്ട്. ശതാബ്ദിയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കും 500 മില്ലി ലിറ്റർ ബോട്ടിൽ ലഭിക്കും. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ റെയിൽവേ കോച്ചുകളും പ്ലാറ്റ്ഫോമുകളും വൃത്തിയാക്കുന്നതിനു റീസൈക്കിൾ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റർ വെള്ളമാണ് റീസൈക്കിൾ ചെയ്തെടുക്കുന്നത്.

കൂടാതെ 158 കേന്ദ്രങ്ങളിൽ മഴവെള്ള സംഭരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് ഓട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5 ലക്ഷത്തോളം മരങ്ങൾ വിവിധ സ്ഥലങ്ങളിലായി നട്ടു പിടിപ്പിച്ച് വിപുലമായ വനവൽക്കരണ പദ്ധതികളും സെൻട്രൽ റെയിൽവേ ഏറ്റെടുത്തിട്ടുണ്ട്. 2019 ൽ ആയിരുന്നു രാജ്യത്ത് ആദ്യമായി വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയുടെ റെയിൽ നെറ്റ് വർകിന്റെ അവിഭാജ്യ ഘടകമായി വന്ദേ ഭാരത് ട്രെയിനുകൾ മാറി. വൈഫൈ, വിശാലമായ കാഴ്ച സമ്മാനിക്കുന്ന വലിയ ഗ്ലാസ് വിൻഡോകൾ, ലഗേജ് വയ്ക്കാനുള്ള റാക്കുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് വന്ദേ ഭാരതിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

മലയാളികളുടെ തീവണ്ടി യാത്രയിലും വലിയ മാറ്റമാണ് വന്ദേഭാരത് കൊണ്ടുവന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു കേരളത്തിന്റെ മണ്ണിൽ വന്ദേഭാരത് എത്തിയത്. ഉയർന്ന ടിക്കറ്റ് നിരക്ക് യാത്രക്കാരെ വന്ദേഭാരതിലേക്ക് അടുപ്പിക്കില്ല എന്ന വാദങ്ങൾ വന്ദേഭാരത് ഓടി തുടങ്ങിയപ്പോൾ തന്നെ അപ്രസക്തമായിരുന്നു. സർവീസ് തുടങ്ങിയ സമയത്ത് ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ടിക്കറ്റ് വെയിറ്റിങ്ങ് ലിസ്റ്റിൽ ആയിരുന്നു. ഇപ്പോൾ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

തിരുവനന്തപുരത്ത് നിന്ന് കാസർകോടിനുള്ള വന്ദേഭാരത് എക്സ്പ്രസ് ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20634) ഉച്ചയ്ക്ക് 1.20ന് കാസർകോട് എത്തും. ഉച്ചയ്ക്ക് 2.30ന് കാസർകോട് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20633) രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. അതേസമയം, മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 06.15ന് പുറപ്പെടുന്ന വന്ദേഭാരത് വൈകുന്നേരം 3.05 ആകുമ്പോൾ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്നു വൈകുന്നേരം 4.05ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40ന് മംഗളൂരുവിൽ എത്തും. മറ്റു വണ്ടികളുടെ സമയക്രമങ്ങളെ ബാധിക്കാതിരിക്കാൻ വന്ദേഭാരതിന്റെ സമയക്രമം രണ്ടു തവണ മാറ്റിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: