ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി

വയനാട്: ഹെർണിയ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന് വൃഷ്ണം നഷ്ടപ്പെട്ടതായി പരാതി. തോണിച്ചാൽ സ്വദേശി എൻ.എസ് ഗിരീഷിനാണ് വൃഷ്ണം നഷ്ടമായത്. സംഭവത്തിൽ വയനാട് മെഡിക്കൽ കോളജ് സർജൻ ഡോ.ജുബേഷ് അത്തിയോട്ടിലിനെതിരെ ഗിരീഷ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി വയനാട് മെഡിക്കൽ കോളജിലെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ വൃഷ്ണത്തിലേക്കുള്ള ഞരമ്പ് മുറിഞ്ഞു. ഏഴാം ദിവസം സ്റ്റിച്ച്എടുക്കാൻ എത്തിയപ്പോഴാണ് ഞരമ്പ് മുറിഞ്ഞ കാര്യം ഡോക്ടർ ഗിരീഷിനെ അറിയിക്കുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃഷ്ണത്തിന്റെ പ്രവർത്തനം നിലച്ചതായി കണ്ടെത്തുകയും വൃഷ്ണം നീക്കം ചെയ്യുകയുമായിരുന്നു.
ടോർഷൻ സംഭവിച്ചാൽ ആറ് മണിക്കൂർ മാത്രമേ സാധാരണ ഗതിയിൽ രോഗി ജീവിക്കാനിടയുള്ളൂ. എന്നാൽ ടോർഷൻ സംഭവിച്ചത് പോലും ഡോക്ടർ മറച്ചു വച്ചത് ഗുരുതര വീഴ്ചയാണെന്ന് ഗിരീഷ് ചൂണ്ടിക്കാട്ടുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ കഴിയുന്നതിനിടെ ഒരിക്കൽ പോലും ഡോ.ജുബേഷ് തന്നെ പരിശോധിക്കാൻ എത്തിയിട്ടില്ലെന്നാണ് ഗിരീഷ് പറയുന്നത്. അസഹ്യമായ വേദനയുണ്ടായിരുന്ന കാര്യം പറയാൻ പോലും തനിക്കായില്ലെന്നും ഗിരീഷ് കൂട്ടിച്ചേർക്കുന്നു.

ഗിരീഷിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നുമാണ് ഡിഎംഒ അറിയിച്ചിരിക്കുന്നത്. മാനന്തവാടി മെഡിക്കൽ കോളജിലെ തന്നെ ക്ലാർക്കായിരുന്നു ഗിരീഷ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: