വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. സർവവും നഷ്ടമായവർക്ക് സർക്കാർ അടിയന്തര സഹായം കൈമാറി. ദുരിതബാധിതരായ 617 പേര്‍ക്ക് ധനസഹായമായി പതിനായിരം രൂപ വീതം കൈമാറി.
സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയില്‍ നിന്നായി 12 പേര്‍ക്ക് 7200000 രൂപയും ധനസഹായം നല്‍കി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം 124 പേര്‍ക്കായി അനുവദിച്ചു. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള 34 പേരില്‍ രേഖകള്‍ ഹാജരാക്കിയവര്‍ക്ക് ധനസഹായം നല്‍കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

