കൽപ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിലെ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സിപി മൊയ്തീൻ, സന്തോഷ്, സോമൻ, തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശൂർ സ്വദേശി മനോജ് എന്ന ആഷിഖ് എന്നിവർ ഉൾപ്പെട്ടതായി പൊലീസിന്റെ പ്രാഥമിക നിഗമനം.
വനവികസന കോർപ്പറേഷന്റെ ഡിവിഷൻ ഓഫീസാണ് മാവോയിസ്റ്റ് സംഘം ആക്രമിച്ചത്. കെഎഫ്ഡിസി ജീവനക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും അന്വേഷണം ഊർജ്ജിതമാക്കി.
മാവോയിസ്റ്റ് ആക്രമണത്തിൽ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ 12.30ഓടെയാണ് കമ്പമലയിലെത്തിയ ആറംഗ മാവോയിസ്റ്റ് സായുധ സംഘം വനംവകുപ്പ് ഓഫീസ് ആക്രമിക്കുകയും പോസ്റ്റർ പതിക്കുകയും ചെയ്തത്. ഓഫീസിലെ ജനൽ ചില്ലുകളും മറ്റും അടിച്ചു നശിപ്പിച്ചിരുന്നു.
ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ ചുമരുകളിൽ പോസ്റ്ററുകളും പതിച്ചശേഷമാണ് സംഘം പിന്തിരിഞ്ഞു പോയത്. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്ന ആവശ്യമാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകളിൽ ഉള്ളത്.
