പിഎസ് സി ഹാൾടിക്കറ്റ് പരുന്ത് റാഞ്ചി

കാസർക്കോട്: പരീക്ഷ പേപ്പർ ചോർന്നു, തടഞ്ഞുവെച്ചു, കാണാതായി എന്നൊക്കെ നേരത്തെ കേട്ടിട്ടുണ്ട്. ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയെന്നത് ഇതുവരെയും കേട്ടുകേൾവിയില്ലാത്തതാണ്. എന്നാൽ അതും സംഭവിച്ചു. വ്യാഴാഴ്‌ച രാവിലെ കാസർക്കോട് ഗവ. യു പി സ്‌കൂളിലാണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥികളെ മുഴുവൻ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്.

പിഎസ്സിയുടെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു ഉദ്യോഗാർഥി. പരീക്ഷ ഹാളിൽ കയറുന്നതിന് മുൻപ് പുറത്ത് ജനറൽ നോളേജ് പുസ്‌തകത്തിലൂടെ അവസാനവട്ടം ഒന്നു കൂടി കണ്ണോടിച്ചു നോക്കിയിരിക്കെയാണ് സമീപത്ത് വച്ചിരുന്ന ഹാൾടിക്കറ്റ്, എവിടെ നിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയത്.

റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജനാലയിൽ ഇരിപ്പുറപ്പിച്ചു. ഞെട്ടിപ്പോയ ഉദ്യോഗാർഥിയോടൊപ്പം പരീക്ഷയ്ക്കായി സ്കൂ‌ളിലെത്തിയ 300ഓളം ഉദ്യോഗാർഥികളും പരീക്ഷ നടത്താനായി എത്തിയവരും ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഇല്ല. ഹാൾടിക്കറ്റും കൊത്തിപിടിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി ഒറ്റയിരുപ്പായിരുന്നു

രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്‌സി പരീക്ഷ നടന്നത്. പരീക്ഷ സമയം അടുത്തതോടെ ഉദ്യോഗാർഥികളിൽ ഓരോരുത്തരായി പിരിഞ്ഞു പോയി. പരീക്ഷ നടത്താനെത്തിയവരും. എന്തുചെയ്യണമെന്നറിയാതെ ഹാൾടിക്കറ്റിന്റെ ഉടമയായ ഉദ്യോഗാർഥിയും ഒപ്പം ചില സുഹൃത്തുക്കളും താഴെ. ചിലർ കല്ലെടുത്തറിയാൻ ഉപദേശിച്ചെങ്കിലും ഹാൾടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാൽ ഉള്ള പ്രതീക്ഷ കൂടി പോയാലോ എന്ന് കരുതി ഹാൾടിക്കറ്റിന്റെ ഉടമ ഒന്നും ചെയ്യാതെ നിന്നു. ഒടുവിൽ അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുമ്പ്, പരുന്ത് ഹാൾടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നു.

ദീർഘ നിശ്വാസത്തോടെ മുകളിൽ നിന്ന് പറന്നുവീണ ഹാൾടിക്കറ്റുമായി ഉദ്യോഗാർഥി പരീക്ഷാഹാളിലേക്കും. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മാധ്യമപ്രവർത്തകരെ കാണാതെ ഉദ്യോഗാർഥി പരീക്ഷാ തിരക്കുകൾക്കിടയിലേക്ക് മറഞ്ഞു. അതുകൊണ്ടു തന്നെ ആരുടെ ഹാൾടിക്കറ്റാണ് പരുന്തെടുത്തതെന്ന വിവരം വ്യക്തമായിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: