‘നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു;വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ഗായിക ചിന്മയി

നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഡാൻസ് കൊറിയോഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു. കേസിൽ ജാനി മാസ്റ്റർക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു.



വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ മാസം ഒന്നിന് ജാനി മാസ്റ്റർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഘ്നേഷ് ശിവനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയും വിഡിയോയും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

“എന്നോടുള്ള കരുതലിനും എനിക്ക് നല്‍കിയ സ്നേഹത്തിനും സന്തോഷത്തിനും നന്ദി” എന്ന് പറഞ്ഞായിരുന്നുജാനി മാസ്റ്ററുടെ പോസ്റ്റ്. ഈ പോസ്റ്റിന് ‘സ്വീറ്റ് മാസ്റ്റര്‍ ജി’ എന്ന് വിഘ്നേഷ് കമന്‍റും ചെയ്തിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ, സോഷ്യല്‍ മീഡിയയില്‍ വിഘ്നേഷിനെയും നയന്‍താരയെയും വിമര്‍ശിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു


“വിഘ്നേഷ് ശിവനോടുള്ള ബഹുമാനം ആളുകൾക്ക് നഷ്ടപ്പെടാൻ ഒരു കാരണമുണ്ട്. ആദ്യം അത് ദിലീപായിരുന്നു. ഇപ്പോൾ അത് ജാനി മാസ്റ്ററാണ്. ആരോപണവിധേയരായ വേട്ടക്കാരെ ‘വൈബ്’ എന്ന് വിളിക്കുന്നത് തുടരുക, നിങ്ങൾ ആര്‍ക്കൊപ്പം എന്ന് ഞങ്ങൾക്ക് കൃത്യമായി കാണാൻ കഴിയും -അതിജീവിതകള്‍ക്കൊപ്പം അല്ല. നയൻതാരയ്ക്ക് അതിൽ സന്തോഷമുണ്ടോ? ” എന്നാണ് എക്സിൽ ഒരാൾ കുറിച്ചിരിക്കുന്നത്.

ഗായിക ചിന്മയി ശ്രീപദയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. “പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജാനി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു.

അവരെ പ്രോത്സാഹിപ്പിക്കുകയും അധികാര സ്ഥാനങ്ങളിൽ നിലനിർത്തുകയും ചെയ്യും, കുറ്റവാളികൾ സ്ത്രീകളെ കൂടുതൽ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്നു – ‘എനിക്ക് ഒന്നും സംഭവിക്കരുത്.’ നമ്മൾ അങ്ങനെയാണ്. സ്വീറ്റ്!” എന്നാണ് ചിന്മയി എക്സിൽ കുറിച്ചത്.

നയന്‍താര, ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’യുടെ നിര്‍മാതാവ് കൂടിയാണ്. ഭര്‍ത്താവിന്റെ ഈ തീരുമാനത്തോട് നിശബ്ദത പാലിച്ചതിനാണ് നയൻതാരയ്ക്ക് നേരെ വിമർശനമുയരുന്നത്. ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ ഡാന്‍സിന് ജാനി മാസ്റ്റർക്ക് ലഭിച്ച ദേശീയ പുരസ്‌കാരവും പോക്സോ കേസിന് പിന്നാലെ റദ്ദാക്കിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: