പാലക്കാട്: വാൽപ്പാറയിൽ അഞ്ച്
വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥികൾ. അതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാർഥികളാണ് ഇവരെന്നും റിപ്പോർട്ടുകളുണ്ട്.
കോയമ്പത്തൂർ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാർഥികൾ. ശരത്, അജയ്, റാഫേൽ, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലരയോടെ പത്തംഗ സംഘം ഇവിടെ കുളിക്കാനെത്തിയിരുന്നു. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.
ഇതിൽ ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റു നാല് പേർ ചേർന്നു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേരും
അപകടത്തിൽപ്പെടുകയായിരുന്നുവെന്നും നിഗമനമുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.
നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു തിരച്ചിൽ നത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
