കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ; ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് പത്തുപേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വെസ്റ്റ്‌നൈൽ ഫീവർ രോ​ഗബാധ സ്ഥിരീകരിച്ചത്. പത്തുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലക്കാരനായ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. അതേസമയം, വൃക്ക മാറ്റിവച്ച ശേഷം സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയിൽ കഴിയവേ രണ്ടുപേർ മരിച്ചത് വെസ്റ്റ്‌നൈൽ ഫീവർ ബാധയെ തുടർന്നാണോ എന്ന കാര്യത്തിൽ ഇനിയും ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ. ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു പറയുന്നു.

മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാകുക.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: