നരേന്ദ്ര മോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബില്‍ രാജ്യസഭ പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താല്‍ നിയമമായി മാറും. ഒരു പകലും രാത്രിയും നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയ വാക്‌പോരുകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ ലോക്‌സഭ കടന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ലോക്‌സഭയില്‍ വോട്ടിനിട്ട ബില്ലിനെ 283 അംഗങ്ങള്‍ അനുകൂലിച്ചു വോട്ട് ചെയ്തു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. തെലുഗുദേശം പാര്‍ട്ടി (ടിഡിപി), ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെ എന്‍ഡിഎ ഘടകകക്ഷികളും ബില്ലിനെ പിന്തുണച്ചു.
പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളിയും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാര്‍ശചെയ്ത 14 ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദേശമായി ഉള്‍പ്പെടുത്തിയുമാണ് ബില്‍ പാസാക്കിയത്. വഖഫ് എന്ന സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും സുതാര്യത കൊണ്ടുവരാനുമാണ് പുതിയ നിയമം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ നിയമം മുസ്ലീം വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരുമെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുമെന്നും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബോര്‍ഡുകള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയവയുടെ അധികാരങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ വഖഫ് ബോര്‍ഡ് നിയമ ഭേദഗതി ബില്‍. 2024 ഓഗസ്റ്റ് 8-ന് കേന്ദ്ര സര്‍ക്കാര്‍ വഖഫ് (ഭേദഗതി) ബില്‍, 2024 അവതരിപ്പിച്ചു. പിന്നീട് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരുന്നു. ഈ സമിതി നിര്‍ദേശിച്ച പതിനാല് ഭേദഗതികള്‍ ഉള്‍പ്പെടെ കൂട്ടിച്ചേര്‍ത്താണ് ബില്ല് ബുധനാഴ്ച ലോക്‌സഭയുടെ അംഗീകാരം നേടിയത്.
ബില്‍ പാസായാലും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പല രാഷ്ട്രീയ കക്ഷികളും ഇതിനോടകം വ്യക്തമാക്കികഴിഞ്ഞ പശ്ചാത്തലത്തില്‍ വഖഫ് ഭേദഗതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയായി വരും കാലങ്ങളില്‍ തുടരുമെന്ന് വ്യക്തമാക്കാണ്.
നിലവിലെ വഖഫ് നിയമങ്ങള്‍
1954-ലെ വഖഫ് നിയമം വഖഫിന്റെ കേന്ദ്രീകരണത്തിന് വ്യവസ്ഥ ചെയ്യുന്നു. 1964-ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995-ലെ വഖഫ് ആക്ട് പഴയ നിയമത്തെ പരിഷ്‌കരിച്ചു. വഖഫ് ട്രിബ്യൂണലുകള്‍ കൊണ്ടുവന്നു. അതിന് 1908ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉള്ളതാക്കി മാറ്റി.
വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡിന് ജുഡീഷ്യല്‍ അധികാരമുണ്ട്. ഒരു ജഡ്ജി ഉള്‍പ്പെടെ മൂന്നംഗങ്ങളുള്ള വഖഫ് ട്രിബ്യൂണലില്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാം. ട്രൈബ്യൂണലിന്റെ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം. മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള വഖഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ബോര്‍ഡ് ഇടപെടുന്നുണ്ട്.
വഖഫ് (ഭേഗഗതി) ബില്‍ 2024 – പ്രധാന മാറ്റങ്ങള്‍
1. 1995ലെ വഖഫ് നിയമത്തിന്റെ പുനര്‍നാമകരണം: ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം 1995- എന്ന് പുനര്‍നാമകരണം ചെയ്തു. വഖഫ് ബോര്‍ഡുകളുടെയും സ്വത്തുക്കളുടെയും മാനേജ്മെന്റും കാര്യക്ഷമതയും മെച്ചപ്പെടുത്തുക, ഫലപ്രദമായ ഭരണം, ശാക്തീകരണം, വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാണ് പേര് മാറ്റം.
2. വഖഫ് രൂപീകരണം: വഖഫ് പ്രഖ്യാപനം, ദീര്‍ഘകാല ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള അംഗീകാരം (ഉപയോക്താവിന്റെ വഖഫ്), പിന്തുടര്‍ച്ചാവകാശം അവസാനിക്കുമ്പോള്‍ എന്‍ഡോവ്മെന്റ് (വഖഫ്-അലാല്‍-ഔലാദ്) എന്നിവയിലൂടെ വഖഫ് രൂപീകരിക്കാം. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം വിശ്വസിയായിരുന്ന ഒരാള്‍ക്ക് മാത്രമേ വഖഫ് പ്രഖ്യാപിക്കാന്‍ കഴിയൂ എന്ന് ബില്‍ പറയുന്നു.
വഖഫ് ആയി പ്രഖ്യാപിക്കുന്ന സ്വത്തിന്റെ ഉടമസ്ഥാവകാശം വ്യക്തിക്ക് മാത്രമായിരിക്കണം.
മതപരമായ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി സ്വത്തുക്കള്‍ വഖഫായി കണക്കാക്കുന്നു.
പിന്തുടര്‍ച്ചാവകാശം അവസാനിക്കുമ്പോള്‍ സ്വത്തുക്കള്‍ വഖഫ് നല്‍കുമ്പോള്‍ (വഖഫ്-അലാല്‍-ഔലാദ്) സ്ത്രീ അവകാശികള്‍ ഉള്‍പ്പെടെയുള്ള ദാതാവിന്റെ അവകാശികള്‍ക്ക് അനന്തരാവകാശം നിഷേധിക്കാന്‍ കാരണമാകരുതെന്നും കൂട്ടിച്ചേര്‍ക്കുന്നു.
3. സര്‍ക്കാര്‍ സ്വത്ത് വഖഫ് ആയി കണക്കാക്കില്ല: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ വഖഫ് എന്ന് തിരിച്ചറിയപ്പെടുന്ന ഏതൊരു സ്വത്തുക്കളിലും സര്‍ക്കാരിന് അവകാശം. അനിശ്ചിതത്വം ഉണ്ടായാല്‍ പ്രദേശത്തെ കളക്ടര്‍ ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കുകയും സംസ്ഥാന സര്‍ക്കാരിനും വഖ്ഫ് ബോര്‍ഡുകള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.
4. വഖഫ് നിര്‍ണയം: ഒരു സ്വത്ത് വഖഫ് ആണോ എന്ന് അന്വേഷിച്ച് നിര്‍ണ്ണയിക്കാന്‍ നിയമം വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന വ്യവസ്ഥ പുതിയ ബില്‍ നീക്കം ചെയ്യുന്നു. നിയമത്തിലെ 40-ാം വകുപ്പ് റദ്ദാക്കും. നടപടി അധികാര ദുരുപയോഗം തടയാനെന്ന് വാദം.
5. വഖഫ് സര്‍വേ: വഖഫ് സര്‍വേ ചെയ്യുന്നതിന് ഒരു സര്‍വേ കമ്മീഷണറെയും അഡീഷണല്‍ കമ്മീഷണര്‍മാരെയും നിയമിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. പകരം, സര്‍വേ നടത്താന്‍ ബില്‍ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കുന്നു. തീര്‍പ്പാക്കാത്ത നടപടികള്‍ സംസ്ഥാന റവന്യൂ നിയമങ്ങള്‍ അനുസരിച്ച് നടത്തും.
6. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും വഖ്ഫ് ബോര്‍ഡുകളെയും ഉപദേശിക്കുന്ന സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ ഘടനയ്ക്ക് മാറ്റം. വഖഫിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് കൗണ്‍സിലിന്റെ എക്‌സ്-ഒഫീഷ്യോ ചെയര്‍പേഴ്സണ്‍. എല്ലാ കൗണ്‍സില്‍ അംഗങ്ങളും മുസ്ലീങ്ങളും കുറഞ്ഞത് രണ്ട് പേര്‍ സ്ത്രീകളുമായിരിക്കണം എന്നാണ് നിലവിലെ വ്യവസ്ഥ.
പുതിയ ഭേദഗതി പ്രകാരം രണ്ട് അംഗങ്ങള്‍ അമുസ്ലിംകളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. നിയമപ്രകാരം കൗണ്‍സിലിലേക്ക് നിയമിക്കപ്പെടുന്ന എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ മുസ്ലീങ്ങളായിരിക്കണമെന്നില്ല.
മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍, ഇസ്ലാമിക നിയമ പണ്ഡിതര്‍, വഖഫ് ബോര്‍ഡുകളുടെ ചെയര്‍പേഴ്സണ്‍മാര്‍. രണ്ട് രണ്ട് മുസ്ലീം സ്ത്രീകളും കൗണ്‍സില്‍ അംഗങ്ങളാകണം.
7. വഖഫ് ബോര്‍ഡുകള്‍: മുസ്ലീങ്ങളുടെ ഇലക്ടറല്‍ കോളേജുകളില്‍ നിന്ന് പരമാവധി രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു: എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംസ്ഥാനങ്ങളില്‍ നിന്ന് വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടും.
ഈ പട്ടികയില്‍ നിന്നും ഒരാളെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. അവര്‍ മുസ്ലീങ്ങളായിരിക്കണമെന്നില്ല. ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകണം.
ഷിയാ, സുന്നി, മുസ്ലീങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് ഓരോ അംഗമെങ്കിലും ഉണ്ടായിരിക്കണം. സംസ്ഥാനത്ത് പ്രാതിനിധ്യം ഉണ്ടെങ്കില്‍ ബോറ, അഗാഖാനി സമുദായങ്ങളില്‍ നിന്ന് ഓരോ അംഗവും ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും സ്ത്രീകളായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രണ്ട് മുസ്ലീം അംഗങ്ങള്‍ സ്ത്രീകളായിരിക്കണമെന്ന് ബില്‍ പറയുന്നു.
8. ട്രൈബ്യൂണലുകളുടെ ഘടന: വഖഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ ട്രൈബ്യൂണലുകള്‍ രൂപീകരിക്കണം. ട്രൈബ്യൂണലുകളുടെ ചെയര്‍മാന്‍ ക്ലാസ്-1, ജില്ലാ, സെഷന്‍സ് അല്ലെങ്കില്‍ സിവില്‍ ജഡ്ജിക്ക് തുല്യമായ റാങ്കിലുള്ള ജഡ്ജിയായിരിക്കണം. മറ്റ് അംഗങ്ങളില്‍ ഒരു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് തുല്യമായ ഒരു സംസ്ഥാന ഉദ്യോഗസ്ഥന്‍ ആയിരിക്കും. മുസ്ലീം നിയമ പണ്ഡിതന്‍ ആയിരിക്കണം.
9. ട്രൈബ്യൂണലുകളുടെ ഉത്തരവുകളില്‍ അപ്പീല്‍ : നിയമപ്രകാരം, ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമമാണ്, കോടതികളില്‍ അതിന്റെ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ സാധ്യമല്ല.
പുതിയ ബില്‍ ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്ക് അന്തിമത്വം നല്‍കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ക്കെതിരെ 90 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.
10. കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍: വഖഫ് രജിസ്‌ട്രേഷന്‍, വഖഫ് അക്കൗണ്ടുകളുടെ പ്രസിദ്ധീകരണം, വഖഫ് ബോര്‍ഡുകളുടെ നടപടിക്രമങ്ങളുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. നിയമപ്രകാരം, സംസ്ഥാന സര്‍ക്കാരിന് ഏത് ഘട്ടത്തിലും വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാന്‍ കഴിയും. സിഎജി അല്ലെങ്കില്‍ നിയുക്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇവ ഓഡിറ്റ് ചെയ്യാന്‍ ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.
11. ബോറ, അഗാഖാനി വഖഫ് ബോര്‍ഡുകള്‍: സംസ്ഥാനത്തെ എല്ലാ വഖ്ഫ് സ്വത്തുക്കളുടെയോ വഖ്ഫ് വരുമാനത്തിന്റെയോ 15 ശതമാനത്തില്‍ കൂടുതല്‍ ഷിയ വഖ്ഫ് ആണെങ്കില്‍ സുന്നി, ഷിയ വിഭാഗങ്ങള്‍ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുന്നു. അഗാഖാനി, ബോറ വിഭാഗങ്ങള്‍ക്കായി പ്രത്യേക വഖ്ഫ് ബോര്‍ഡുകളും ബില്‍ അനുവദിക്കുന്നു.
ഇസ്ലാമിക ചരിത്രത്തിലെ വഖഫ്
വിശുദ്ധ ഖുറാന്‍ വഖഫിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടില്ലെങ്കിലും, ദാനധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത വാക്യങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹചാരികളിലൊരാളായ അബു തല്‍ഹ അല്‍ അന്‍സാരി ഈന്തപ്പനത്തോട്ടം സംഭാവന ചെയ്തത് ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല വഖഫുകളില്‍ ഒന്നാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രബലമായിരുന്ന ഈ ആചാരം ബ്രിട്ടീഷ് കാലത്തും തുടര്‍ന്നു.
ദാനം ചെയ്യുന്ന വ്യക്തിക്ക് വസ്തുവിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം, അത് സ്വീകരിക്കുന്നവര്‍ക്ക് അത് വില്‍ക്കാനോ അനന്തരാവകാശമായി നല്‍കാനോ കഴിയില്ല. വഖഫ് പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വരുമാനം മസ്ജിദുകളുടെ നിര്‍മ്മാണം, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഹജ്ജ്, ഉംറ സൗകര്യങ്ങള്‍, മതപ്രചാരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇസ്ലാം നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ പാടുള്ളതല്ല.
