പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ എത്തി. ഈ അടുത്തൊന്നും ഇത്ര അധികം പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം വേറെയില്ല. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്… നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോറത് നിജം’ പൂഴിമണ്ണിൽ തീപാറുന്ന മോഹൻലാലിൻ്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസർ. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിൻ്റെ ഹൈലൈറ്റ് ആണ്. സോഷ്യൽമീഡിയയിലടക്കം മോഹൻലാൽ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷൻ രാജസ്ഥാൻ ആയിരുന്നു. ജൂൺ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ഷിബു ബേബി ജോണിൻ്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
