പേമാരിയില്‍ വ്യാപക നാശം, പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍.

ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട വിവരം അറിഞ്ഞത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു.

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയര്‍ ഫോഴ്സും ഹൈവേ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. അട്ടപ്പാടിയില്‍ ഭവാനിപ്പുഴ കരകവിഞ്ഞു. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അരയാഞ്ഞിലിമണ്‍ ക്രോസ് വേ മുങ്ങി. വയനാട് മുത്തങ്ങയ്ക്ക് സമീപം കല്ലൂരില്‍ വെള്ളക്കെട്ട്. കനത്ത മഴയില്‍ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി വെട്ടുകടവ് പാലത്തിന് സമീപം ജലനിരപ്പ് ആറു മീറ്ററായി ഉയര്‍ന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. മലപ്പുറം താമരക്കുഴിയില്‍ ഗുഡ്‌സ് ഓട്ടോയ്ക്കു മുകളില്‍ മരം വീണു. ഓട്ടോ ഡ്രൈവറായ കുന്നുമ്മല്‍ സ്വദേശി അബ്ദുള്‍ ഹമീദിന് പരിക്കേറ്റു.

കോട്ടയം – കുമരകം – ചേർത്തല പാതയിൽ ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന 2 കാറുകൾക്കു മുകളിലേക്കു മരം വീണു. ആളപായമില്ല. ഇടുക്കിയിൽ ചപ്പാത്ത്–കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽക്കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിലായതിനാൽ ഗതാഗതം നിരോധിച്ചു. കൊല്ലത്ത്, സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ബസിനു മുകളിലേക്കു കടപുഴകി വീണ മരത്തിന്റെ ചില്ലകൾ പതിച്ചു. കുട്ടികൾ പരുക്കില്ലാതെ രക്ഷപ്പെട്ടു.ആലപ്പുഴ ജില്ലയിൽ കനത്ത മഴയിൽ 31 വീടുകൾ ഭാഗികമായി തകർന്നു. പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: