ഇടുക്കി: വന്യമൃഗശല്യം ജനജീവിതം ദുസ്സഹമാക്കുന്നതിൽ പ്രതികരണവുമായി യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്. കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് തന്നെ ഭക്ഷിക്കാൻ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വന്യമൃഗ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി സർക്കാർ തലത്തിൽ നടപടികൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിൻറെ നട്ടെല്ല് കർഷകരാണ് എന്ന് അഭിപ്രയപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടുപന്നികളുടെ എണ്ണം എടുത്ത ശേഷം കൂടുതൽ ഉള്ളവയെ കൊന്ന് ജങ്ങൾക്ക് ഭക്ഷിക്കുവാൻ നൽകണം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് യോജിപ്പ് ഇല്ല. വന്യമൃഗ പെരുപ്പം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി ഇതിനൊരു നിയന്ത്രണം വരുത്തേണ്ടത് അത്യാവിശ്യമാണ്’, ഡോ. ഏലിയാസ് മോർ അത്താനാസിയോസ് പറഞ്ഞു.
വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും പറഞ്ഞു. മനുഷ്യർക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം. ഇതിന് കേന്ദ്രം നിയമ നിർമാണം നടത്തണം. വേലി കെട്ടിയാലോ, മതിൽ ഉണ്ടാക്കിയാലോ മറ്റൊരു വഴിയിലൂടെ മൃഗങ്ങൾ എത്തും. വിദേശ രാജ്യങ്ങളിൽ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വിൽക്കുന്നുണ്ട്. ഇതിനായി വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു
