കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനം സെറ്റിൽമെന്റുകളിൽ ഇടവേളയ്ക്ക് ശേഷം കാട്ടാന ഭീതി. കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്ന കാട്ടാനക്കൂട്ടം ജനങ്ങൾക്കു നേരെയും പാഞ്ഞടുത്തു തുടങ്ങി. ശനിയാഴ്ച വിവിധ സമയങ്ങളിലായി 2 പേർക്കു നേരെ ആനയുടെ ആക്രമണ ശ്രമം ഉണ്ടായി. ബൈക്ക് യാത്രികനായ പൊടിയം സ്വദേശി രാജേഷിനെ ആനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് കേടുവരുത്തി. കോട്ടൂർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജെ.റെജിയുടെ ബൈക്കും ആനക്കൂട്ടം നശിപ്പിച്ചു.വേനൽ കടുത്തതോടെ ഉൾവനത്തിൽ നിന്നും കൂട്ടമായെത്തുന്ന ആനകൾ സെറ്റിൽമെന്റിൽ നാശം വിതയ്ക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതിയുണ്ട്. ജലസ്രോതസ്സുകളുടെ സമീപം തമ്പടിക്കുന്ന ആനക്കൂട്ടം യാത്രക്കാർക്ക് ഭീഷണിയാണ്.
മൂന്നാറ്റ്മുക്ക്, പാലമൂട് പ്രദേശങ്ങളിലാണ് ആനകൾ തമ്പടിക്കുന്നത്. കുട്ടിയാന ഉൾപ്പെടെ ആറിലധികം ആനകൾ ഉൾപ്പെടുന്ന സംഘം ദിവസങ്ങളായി മൂന്നാറ്റ് മുക്കിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് ആദിവാസികൾ പറയുന്നത്. 2 ദിവസം മുൻപ് ചോനംപാറ സ്വദേശിനി ബിന്ദുവിന്റെ വീടിനു പിന്നിലെ തെങ്ങുകൾ ആനക്കൂട്ടം നശിപ്പിച്ചു. വാലിപ്പാറ സ്വദേശി സന്തോഷിന്റെ വാഴ കൃഷി നശിപ്പിച്ചു. ഉൾവനത്തിലെ ജലാശയങ്ങൾ വറ്റിവരണ്ടതോടെ വെള്ളം തേടി ആനക്കൂട്ടം സെറ്റിൽമെന്റ് പ്രദേശങ്ങളിൽ എത്തുന്നത് ആദിവാസികൾക്ക് ഭീഷണിയായിട്ടുണ്ട്.

