ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഇന്നലെ രാത്രി ചെന്നായക്കൂട്ടങ്ങളുടെ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒമ്പത് വയസുള്ള ഒരാണ്‍കുട്ടിക്കും പരിക്ക് പറ്റി.
തെപ്ര ഗ്രാമപ്രദേശത്ത് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവിടങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് ചെന്നായ്ക്കളെ പിടിക്കുന്നത്. ഇങ്ങനെ നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്.
വീടിന് പുറത്ത് കിടന്ന് ഉറങ്ങിയവരെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ട് കുറച്ചു കൂടി ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും വീടിനകത്ത് തന്നെ കിടന്നുറങ്ങണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ചെന്നായ ആക്രമിച്ച 9 വയസുകാരനും 55 കാരനും വീടിന് പുറത്താണ് ഉറങ്ങിയിരുന്നത്.

