ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു. പൊന്നാട് പുത്തൻപുര വെളി രവീന്ദ്രൻ- രേണുക ദമ്പതികളുടെ മകൾ രജിത(33)യാണ് ഇന്ന് മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ് മരിച്ച രജിത .കഴിഞ്ഞ വ്യാഴാഴ്ചാണ് വനിതാ, ശിശു ആശുപത്രിയിൽ രജിത പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ ആലപ്പുഴ വനിതാ, ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി.
വനിതാ, ശിശു ആശുപത്രിയിൽ നൽകിയ അനസ്തേഷ്യയിലെ പിഴവാണു മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. രജിതയ്ക്കെടുക്കുന്ന ഇൻജക്ഷന്റെ ചെലവ് തങ്ങൾ വഹിച്ചോളാമെന്ന് വനിതാ ആശുപത്രിയിലെ ഡോക്ടർമാർ വാഗ്ദാനം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
