സ്ത്രീധനത്തിന്റെ പേരിൽ പീഡനം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പരാതി നൽകി യുവതി

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭർതൃകുടുംബത്തിനെതിരെ പരാതിയുമായി യുവതി. വീട്ടിൽ മദ്യപിച്ചെത്തി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. കൊടുവള്ളി സ്വദേശിനിയായ മാണിക്കോത്ത് വീട്ടില്‍ അശ്വതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് നന്‍മണ്ട സ്വദേശിയായ മിഥുന്‍, പിതാവ് ഹരിദാസന്‍, മാതാവ് മീന എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


വീട്ടില്‍ മദ്യപിച്ചെത്തി നിരന്തരം ഉപദ്രവിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും വീട് നിര്‍മാണ ആവശ്യങ്ങള്‍ക്കുമായി 24 പവനോളം സ്വര്‍ണം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ പീഡനം കൂടിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നു.

പീഡനം സഹിക്ക വയ്യാതെ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. അവിടെയും ഇവർ പിന്തുടർന്നെത്തി യുവതിയെ മാനസികമായി തളർത്തുന്നതായി പരാതിയിൽ പറയുന്നു. ഭര്‍ത്താവും ഭര്‍തൃപിതാവും വീട്ടില്‍ മദ്യപിച്ചെത്തി തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും അക്രമം നടത്തുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റിരുന്നതായും പരാതിയില്‍ പറയുന്നു. അക്രമം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും ഒത്തുതീര്‍പ്പിന് വിളിച്ച് വാടകവീട്ടിലേക്ക് മാറിയശേഷവും മിഥുന്‍ മദ്യപിച്ചെത്തി ഉപദ്രവം തുടര്‍ന്നതായും പരാതിയുണ്ട്. സ്ത്രീധന തുക കുറഞ്ഞുപോയെന്ന് നിരന്തരം യുവതിയെ കുറ്റപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: