പെരിന്തൽമണ്ണ: കാതുകളിലേക്കു വന്നുവീണ കുഞ്ഞിക്കരച്ചിൽ ഷംനയ്ക്കു പേറ്റുനോവു ശമിപ്പിച്ച കുളിർമഴ മാത്രമായിരുന്നില്ല; കുഞ്ഞിനോളം തന്നെ പ്രതീക്ഷിച്ചിരുന്ന, മറ്റൊരു ലക്ഷ്യത്തിലേക്കുള്ള ‘ബൂസ്റ്റർ ഡോസ്’ കൂടിയായിരുന്നു.
പെൺകുഞ്ഞിനു ജന്മം നൽകി മണിക്കൂറുകൾക്കകം ഡോക്ടറുടെ അനുമതിയോടെ, ആശുപത്രിയിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള സാക്ഷരതാ മിഷൻ ഹയർസെക്കൻഡറി തുല്യതാ പരീക്ഷാകേന്ദ്രത്തിലെത്തി ഷംന ആദ്യ പരീക്ഷയെഴുതി.
ബുധൻ രാത്രിയാണു തിരൂർക്കാട് പള്ളിയാൽതൊടി യു.ഷംന (28) മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനെ ഭർത്താവ് അബ്ദുൽ നാസറിന്റെ കൈകളിലേൽപിച്ച് ഇന്നലെ രാവിലെ കൃത്യം 9.45നു പെരിന്തൽമണ്ണയിൽ പരീക്ഷാ കേന്ദ്രമായ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തി. മലയാളം പരീക്ഷയെഴുതുമ്പോൾ, ഇതേ വിഷയത്തിൽ ആദ്യവർഷ പരീക്ഷയിൽ 100% മാർക്ക് നേടിയ ആത്മവിശ്വാസം കൂടെയുണ്ടായിരുന്നു. 12.45നു പരീക്ഷ കഴിഞ്ഞയുടൻ ആശുപത്രിയിലേക്കു മടങ്ങി.
കഴിഞ്ഞ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ തുല്യതാപരീക്ഷയിൽ ഷംന 89% മാർക്ക് നേടിയിരുന്നു. ഗർഭിണിയായി എട്ടു മാസം വരെയും തുല്യതാ പഠന കേന്ദ്രത്തിൽ ക്ലാസിനെത്തി. പ്രസവത്തിന് അഡ്മിറ്റ് ചെയ്തപ്പോൾതന്നെ, പരീക്ഷയെഴുതാനുള്ള ആഗ്രഹം ഡോക്ടറെ അറിയിച്ചിരുന്നു. ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടർ അനുമതി നൽകിയതോടെ, പരീക്ഷാ സെന്റർ കോഓർഡിനേറ്റർ ദേവി ഇടപെട്ട് താഴത്തെ നിലയിലെ പരീക്ഷാഹാളിൽ ക്രമീകരണം ഏർപ്പെടുത്തി. ഇനി നാളെ ഇംഗ്ലിഷ് പരീക്ഷയുണ്ട്. ആകെ ആറു വിഷയങ്ങളിലാണു പരീക്ഷ. എല്ലാം എഴുതുമെന്നാണു ഷംനയുടെ തീരുമാനം.
ഷംനയുടെ കുടുംബത്തിന്‍റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. മൂന്നാമത്തെ ഡെലിവറി പെൺകുട്ടിയെ കൂടാതെ ഒരു ആൺ കുട്ടിയും, ഒരു പെൺകുട്ടിയും മക്കളായി ഉണ്ട്.
ഷംനയ്ക്കു കൂട്ടിനു മറ്റൊരു ‘പുത്തനമ്മ’ കൂടിയുണ്ടായിരുന്നു പെരിന്തൽമണ്ണയിലെ കേന്ദ്രത്തിൽ. ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി 40–ാം ദിവസം പരീക്ഷയെഴുതാനെത്തിയ ആലിപ്പറമ്പ് കാമ്പ്രം കണ്ടേങ്കായിൽ കെ.ജസീല തസ്‌നീമ.
