മുംബൈ: ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ 19കാരിയായ റിഥികയെയും കാമുകനായ അൽത്താഫ്(21)നെയും അറസ്റ്റ് ചെയ്തു. യുവാവ് ഭർത്താവാണെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന റിതിക ധേരെയും അൽതാഫ് ഷെയ്ഖും. പ്രൈവറ്റ് സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് റിഥിക പ്രസവിച്ചത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ പൊതിഞ്ഞ് റോഡിലേക്ക് എറിയുകയായിരുന്നു. ബസിനുള്ളിൽ നിന്നും എന്തോപുറത്തേക്ക് വീഴുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അന്വേഷിച്ചപ്പോൾ യുവതി ഛർദ്ദിച്ചതാണെന്നാണ് ന്ന അൽത്താഫ് പറഞ്ഞത്.
പിന്നീട് റോഡിൽ വീണുകിടക്കുന്ന കുഞ്ഞിനെ ഒരു വഴിയാത്രക്കാരനാണ് കണ്ടത്. ഇയാൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പക്ഷേ കുട്ടി മരിച്ചിരുന്നു. സംഭവം കണ്ട ഒരു സഹയാത്രികയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് പർഭാനിയിൽ ബസ് തടഞ്ഞുനിർത്തി റിഥികയേയും അൽത്താഫിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യത്യസ്ത മതത്തിൽ പെട്ട ഇരുവരും പൂനെയിൽ ഒന്നരവർഷമായി ഒരുമിച്ച് കഴിയുകയാണെന്നും വിവാഹിതരാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു തെളിവും അവരുടെ പക്കൽ ഇല്ലെന്നും പൊലീസ് പറയുന്നു. കുട്ടിയെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
