ന്യൂഡൽഹി: ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായ പ്രതികളെ കണ്ടെത്താൻ അന്വേഷണസംഘം രൂപീകരിച്ചു
ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച രാത്രിയും സംഘർഷമുണ്ടായി. തർക്കമാണ് യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

