അബുദാബി: വിവാഹ നിയമത്തിൽ പുതിയ മാറ്റങ്ങളുമായി യുഎഇ. 2025 ഏപ്രിൽ 15 മുതൽ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റങ്ങൾ നിലവിൽ വരും. നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടികൾ എന്നിവയിലാണ് മാറ്റം വരുക.
രക്ഷിതാക്കളുടെ സമ്മതമില്ലെങ്കിൽ പോലും സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്ന പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് ഒന്നാമതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം. സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്കർഷിക്കുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും. നിയമപരമായ വിവാഹപ്രായം 18 ആണ്. ഇതിനുമുകളിൽ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവിൽ നിന്ന് എതിർപ്പുണ്ടായാൽ അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാർക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിയമം അനുവദിക്കുന്നു.
പ്രായ വ്യത്യാസത്തിന്റെ കാര്യത്തിലും പുതിയ മാറ്റം ബാധകമാണ്. വധൂവരന്മാർ തമ്മിലുള്ള പ്രായവ്യത്യാസം മുപ്പതുവയസ്സ് കവിയുകയാണെങ്കിൽ കോടതിയുടെ അനുമതി ഉണ്ടെങ്കിലെ വിവാഹം നടത്താൻ കഴിയൂ. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയ സമയത്ത് നൽകിയ സമ്മാനങ്ങൾ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കിൽ 25,000 ദിർഹത്തിനെക്കാൾ (5.9 ലക്ഷം രൂപ) മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണം. എന്നാൽ, അപ്പോൾത്തന്നെ ഉപയോഗിച്ചു തീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കിൽ ഇത് ബാധകമല്ല.
വിവാഹക്കരാറിൽ മറ്റുവ്യവസ്ഥകളില്ലെങ്കിൽ ഭാര്യ ഭർത്താവിനൊപ്പം ഒരു വീട്ടിൽ താമസിക്കണം. പരസ്പരം സമ്മതമാണെങ്കിൽ മുൻ ഭാര്യാഭർത്താക്കൻമാരിലുള്ള മക്കളെയും കൂടെ താമസിപ്പിക്കാം. കൂടാതെ കുടുംബത്തിന്റെ ക്ഷേമം മുൻനിർത്തി വിവാഹശേഷം ജോലിക്ക് പോകുന്നത് നിയമലംഘനമല്ല. നിയമതടസ്സങ്ങളൊന്നുമില്ലെങ്കിൽ 18 വയസ്സ് തികഞ്ഞവർക്ക് അവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കാൻ അവകാശമുണ്ട്.
എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 5000 ദിർഹം (1.17 ലക്ഷം രൂപ) മുതൽ ഒരു ലക്ഷം ദിർഹം (23.5 ലക്ഷം രൂപ) വരെ പിഴയും തടവുമാണ് ശിക്ഷയെന്ന് നിയമത്തിൽ വ്യക്തമായി പറയുന്നു.
