കൊച്ചി: സ്ത്രീകൾ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടർ തന്റെ വിവാഹമോചന ഹർജി കൊട്ടാരക്കര കുടുംബക്കോടതിയിൽ നിന്ന് തലശേരി കുടുംബക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം.
ഹർജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേൾക്കാൻ കുടുംബക്കോടതി നിർദേശിച്ചിട്ടുണ്ടെന്ന് ഭർത്താവ് ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
കോടതിക്ക് പുറത്ത് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാവുന്നതേയുള്ളൂവെന്നും ഭർത്താവ് കോടതിയോട് പറഞ്ഞു. എന്നാൽ രണ്ട് വാദങ്ങളും ഹൈക്കോടതി തള്ളുകയായിരുന്നു. ഹർജിക്കാരിക്ക് സ്വന്തമായി ഒരു മനസുണ്ടെന്നും അവർ കൂടി സമ്മതിക്കേണ്ടതുണ്ടെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്.
കുടുംബക്കോടതി നിർദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം കോടതി മാറ്റി നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.
